Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ വെള്ളാപ്പള്ളി കൂട്ടുകെട്ടിനെ ചൊല്ലി ഇടതുമുന്നണിയിലെ അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വര്‍ഗീയവാദിയായ വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ചത് തിരിച്ചടിയാണെന്നാണ് സിപിഐ ആരോപിക്കുന്നത്.
മുന്നണി മര്യാദ പോലും പാലിക്കാതെ സിപിഐ എടുത്ത നിലപാടുകളാണ് തോൽവിക്ക് ആക്കം കൂട്ടിയതെന്ന് വെള്ളാപ്പള്ളി തിരിച്ചടിച്ചു. വിവാദവും വാക്പോരും കനക്കുന്നതിനിടെ സിപിഐ നിലപാട് തള്ളിയും വെള്ളാപ്പള്ളിയെ പൂര്‍ണമായി തള്ളാതെയും സിപിഎം നേതൃത്വം നിലപാട് സ്വീകരിച്ചിരിക്കുകയാണ്.
വര്‍ഗീയവാദിയാണ് വെള്ളാപ്പള്ളിയെന്ന സിപിഐ നിലപാടിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളി. തോൽവിക്ക് കാരണം സിപിഐ നിലപാടാണെന്ന് വെള്ളാപ്പള്ളി ആവര്‍ത്തിക്കുമ്പോൾ ഇരിക്കുന്ന കസേരയുടെ മഹത്വം ഓര്‍ക്കണമെന്ന് ബിനോയ് വിശ്വം ഓര്‍മിപ്പിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പു ഫലം പരിശോധിക്കാൻ ഇടതുമുന്നണി യോഗം ഇന്നു ചേരും.
ഇന്നലെ സിപിഎം, സിപിഐ നേതൃയോഗങ്ങൾ ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു രാവിലെ 10നു മുന്നണി യോഗം ചേരുന്നത്.
തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്യുന്നതിനായി ഈ മാസം 27നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വീണ്ടും ചേരും. 28, 29 തീയതികളിൽ സിപിഎം സംസ്ഥാന സമിതിയും ചേരുന്നുണ്ട്. സിപിഐ സംസ്ഥാന കൗണ്‍സിൽ 29, 30 തീയതികളിൽ ചേരും.
Kerala
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച വിജയം നേടും എന്ന കാര്യത്തിൽ മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണന് സംശയമൊന്നുമില്ല. ഒമ്പതു വർഷമായി സംസ്ഥാനത്ത് സമാനതകളില്ലാത്ത വികസനമാണ് നടന്നതെന്ന് അദ്ദേഹം പറയുന്നു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ച് ദീപികയുമായി സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങൾ:
“ഏതു പ്രതിസന്ധിയും മറികടക്കാനുള്ള സംവിധാനം ഇടതുമുന്നണിക്കുണ്ട്. ഒരു മുന്നണിയാകുമ്പോൾ അഭിപ്രായ ഭിന്നത സ്വാഭാവികമാണ്. ഒരു വിഷയത്തിൽ എല്ലാ പാർട്ടികൾക്കും ഒരേ അഭിപ്രായംതന്നെ വേണമെന്നു വാശിപിടിക്കാനാകില്ല. ആശയവ്യക്തതയുണ്ടാക്കി അഭിപ്രായ ഐക്യം ഉണ്ടാക്കിയെടുക്കുക എന്നതാണു പ്രധാനം. ഇപ്പോൾ ഇടതുമുന്നണിയിൽ പരിഹരിക്കപ്പെടാൻ കഴിയാത്തതായി ഒന്നുമില്ല. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടും. ഇതിനുള്ള തയാറെടുപ്പിലാണു എല്ലാവരും. പാർട്ടികളുമായുള്ള സീറ്റു വിഭജനം തന്നെ ഭംഗിയായി പൂർത്തിയാക്കാൻ സാധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പു ഫലം വരുമ്പോൾ കണ്ടോളൂ ഇടതുമുന്നണിയുടെ കെട്ടുറപ്പ്”.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം ഇടതുഭരണത്തിന്റെ വിലയിരുത്തലാകുമോ?
അതിനെന്താ സംശയം. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു വൻ മുന്നേറ്റമുണ്ടാകും. കഴിഞ്ഞ ഒൻപതു വർഷമായി സംസ്ഥാനത്തു നടപ്പിലാക്കിയ ചെറുതും വലുതുമായ വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾ സംതൃപ്തരാണ്. സമാനതകളില്ലാത്ത വികസനമാണു നടന്നത്. സർക്കാരിൽ ജനങ്ങൾക്കുള്ള സ്വീകാര്യത വർധിച്ചു. സ്വന്തമായി വീടില്ലാത്തവർക്കു ലൈഫ് പദ്ധതിയിലൂടെ വീടു നൽകി. ആറുലക്ഷത്തോളം വീടുകളാണു ലൈഫിലൂടെ നൽകിയത്. ഇനിയും അർഹതപ്പെട്ടവർക്കു വീടു നൽകും. എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്നതാണു സർക്കാർ നയം.
ഇത്രയുമധികം പട്ടയം നൽകിയ ഒരു കാലവും മുമ്പുണ്ടായിട്ടില്ല. സാമൂഹ്യക്ഷേമ പെൻഷൻ 2000 രൂപയാക്കി. യുഡിഎഫ് സർക്കാർ അവരുടെ ഭരണകാലത്ത് ആകെ കൂട്ടിയതു നൂറു രൂപയാണ്. ക്ഷേമപെൻഷൻ ഇനിയും വർധിപ്പിക്കുന്ന കാര്യം ആലോചനയിലുണ്ട്.
എന്നാൽ ഇതിനെയൊക്കെ രാഷ്ട്രീയമായി കണ്ടു സർക്കാരിനെ വിമർശിക്കുന്ന പണി മാത്രമാണു പ്രതിപക്ഷം ചെയ്യുന്നത്. ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന സർക്കാർ ജനങ്ങളുടെ മനസിലുണ്ട്. ഇതു ഭരണത്തിനുള്ള അംഗീകാരം കൂടിയാണ്. ഈ അംഗീകാരം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലത്തിലും പ്രതിഫലിക്കും. ഉറപ്പ്.
ശബരിമലയിലെ സ്വർണപ്പാളി വിവാദം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ?
ഒരിക്കലുമില്ല. അങ്ങനെ കണക്കാക്കുന്നുമില്ല. ശബരിമലയിലെ ഒരുതരി സ്വർണം പോലും നഷ്ടപ്പെടാൻ പാടില്ലായെന്നതാണു സർക്കാർ നയം. ആരു തെറ്റു ചെയ്താലും സംരക്ഷിക്കില്ലെന്നു മുഖ്യമന്ത്രിയും സിപിഎമ്മും പറഞ്ഞതാണ്. കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. കേരള പോലീസ് തന്നെയാണ് അന്വേഷിക്കുന്നതും. നല്ല രീതിയിലുള്ള അന്വേഷണമാണു നടക്കുന്നത്.
ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. അന്വേഷണത്തിനു സർക്കാരിന്റെ പൂർണ പിന്തുണയുണ്ട്. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ വേണം. യുഡിഎഫും ബിജെപിയും വിഷയത്തിൽ തെറ്റിദ്ധാരണ പരത്തുകയാണ്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ലൈംഗികപീഡന കേസിനെ എങ്ങനെ കാണുന്നു?
ജനപ്രതിനിധിയായി രാഹുൽ തുടരണമോയെന്നതു തീരുമാനിക്കേണ്ടതു കോണ്‍ഗ്രസാണ്. ഡിജിറ്റൽ തെളിവുകളടക്കമാണു പീഡിപ്പിക്കപ്പെട്ട സ്ത്രീ മുഖ്യമന്ത്രിക്കു പരാതി നൽകിയത്. വലിയ ക്രൂരതയാണ് ആ സ്ത്രീയോടു രാഹുൽ കാണിച്ചത്. ഇതൊരു സാധാരണ ആരോപണമായി എങ്ങനെ കാണാൻ കഴിയും.
മുൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ രാഹുൽ തെറ്റുചെയ്തിട്ടില്ലായെന്നാണു പ്രതികരിച്ചത്. അതു മാത്രമല്ല അദ്ദേഹം പീഡനത്തിനിരയായ പെണ്‍കുട്ടിയെ വാക്കുകൾകൊണ്ട് അപമാനിക്കുകയും ചെയ്തു. കോണ്‍ഗ്രസിൽ നിന്നും രാഹുലിനെ സസ്പെൻഡ് ചെയ്തുവെന്നാണു നേതാക്കൾ പറയുന്നത്. വിഷയത്തിൽ കോണ്‍ഗ്രസ് നേതാക്കൾക്കുതന്നെ വ്യത്യസ്ത അഭിപ്രായമാണ്. ദീപാദാസ് മുൻഷിപോലും പീഡനത്തിനിരയായ സ്ത്രീയെ ആണ് കുറ്റപ്പെടുത്തുന്നത്. ഇതിനെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. എംഎൽഎ സ്ഥാനം രാജിവയ്ക്കുകയാണ് രാഹുൽ ചെയ്യേണ്ടത്.
പിഎംശ്രീയെ പോലെ ലേബർ കോഡും മുന്നണിക്കുള്ളിൽ പുതിയ വിവാദം സൃഷ്ടിക്കുമോ?
അങ്ങനെയൊന്നും ഉണ്ടാകില്ല. പിഎംശ്രീയും ലേബർ കോഡും രണ്ടാണ്. തൊഴിലാളി വിരുദ്ധമായ ലേബർ കോഡ് ഒരു കാരണവശാലും കേരളത്തിൽ നടപ്പിലാക്കില്ല. തൊഴിൽ മന്ത്രി കൂടിയായ വി. ശിവൻകുട്ടി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. ചില ഉദ്യോഗസ്ഥർ എന്തെങ്കിലും ചെയ്താൽ അതു നടപ്പിലാക്കാൻ സർക്കാരിനു ബാധ്യതയില്ല.
ഇപ്പോൾ 85 മേഖലയിൽ മിനിമം കൂലിയുണ്ട്. ഈ കോഡ് വന്നാൽ മിനിമം കൂലിയെന്നത് ഉണ്ടാകില്ല. നിലവിലെ 29 തൊഴിൽ നിയമങ്ങൾ പുതിയ കോഡ് വരുന്പോൾ റദ്ദു ചെയ്യപ്പെടും. നാലു നിയമങ്ങൾ മാത്രമേ നടപ്പിലാക്കാൻ കഴിയൂ. തികച്ചും തൊഴിലാളികളെ വഞ്ചിക്കുന്നതാണു ലേബർ കോഡ്.
വീണ്ടും ഭരണം കിട്ടിയാൽ പിണറായി വിജയൻ തന്നെയാകുമോ മുഖ്യമന്ത്രി?
അതൊന്നും ഇപ്പോൾ പറയാനാകില്ല. നിയമസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഇതുവരെയും സിപിഎമ്മോ ഇടതുമുന്നണിയോ ചർച്ച ചെയ്തിട്ടില്ല. ഭരണം ലഭിക്കുമെന്നത് ഉറപ്പാണ്. ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാകും അത്.
Leader Page
പിഎം ശ്രീയിൽ സിപിഐ ഉയർത്തിയ പ്രതിഷേധം സർക്കാരിനെയും ഇടതുമുന്നണിയെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഈ വിഷയത്തിൽ സിപിഎമ്മും സിപിഐയും വിരുദ്ധധ്രുവങ്ങളിൽ നിൽക്കുന്പോൾ സമവായത്തിനുള്ള സാധ്യതപോലും തെളിയുന്നില്ല. പിണറായി വിജയൻ മുഖ്യമന്ത്രി ആയതിനുശേഷം ഇടതുമുന്നണിയിലുണ്ടാകുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയായി പിഎം ശ്രീ മാറിക്കഴിഞ്ഞു. പിഎം ശ്രീയിൽനിന്നു നിരുപാധികം പിന്മാറണമെന്നാണ് സിപിഐയുടെ ആവശ്യം. അതിന് അവരുടെ ദേശീയ നേതൃത്വത്തിന്റെ പിന്തുണയുമുണ്ട്. ഒപ്പിട്ടു കഴിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനിച്ചാൽപോലും ഇതിൽനിന്നു പിന്മാറാൻ എളുപ്പമല്ല.
അപമാനിതരായി സിപിഐ
സിപിഐക്ക് ഇത് ആത്മാഭിമാനത്തിന്റെ പ്രശ്നമാണിപ്പോൾ. മന്ത്രിസഭയിൽ രണ്ടു തവണ വരികയും മാറ്റിവയ്ക്കുകയും ചെയ്ത വിഷയത്തിൽ മന്ത്രിസഭയ്ക്കു മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ. റൂൾസ് ഓഫ് ബിസിനസിലെ ഈ തത്വംതന്നെ ലംഘിച്ചിരിക്കുന്നു. മാത്രമല്ല, ഈ വിഷയത്തിൽ തങ്ങൾ അപമാനിതരായെന്ന വികാരം സിപിഐ മന്ത്രിമാർക്കും നേതൃത്വത്തിനുമുണ്ട്. ഈ മാസം 22നു നടന്ന മന്ത്രിസഭാ യോഗത്തിൽ പിഎം ശ്രീ വിഷയം സിപിഐ മന്ത്രിമാർ ഉന്നയിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ ഒന്നും പറഞ്ഞില്ല. ഇതിനും ആറു ദിവസം മുന്‍പേ കേരളം കരാറിൽ ഒപ്പിട്ടിരുന്നു എന്ന കാര്യം സിപിഐ മന്ത്രിമാരും നേതൃത്വവും പിന്നീടറിയുന്നത് വാർത്താമാധ്യങ്ങളിലൂടെയാണ്. തങ്ങളെ തികച്ചും ഇരുട്ടിൽ നിർത്തി ഇത്തരമൊരു നടപടി കൈക്കൊണ്ടതിലൂടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വംതന്നെ ഇല്ലാതായെന്നാണ് അവരുടെ പക്ഷം. ഇതെന്തു മന്ത്രിസഭ എന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചോദിക്കാനിടവന്നതിന്റെ പശ്ചാലത്തലം ഇതായിരുന്നു.
സമയമാണ് പ്രശ്നം
കേരളപ്പിറവിയുടെ 69-ാം വാർഷിക ദിനമായ ശനിയാഴ്ച സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്തിരിക്കുകയാണ്. ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വേദിയായി നിയമസഭയെ മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അന്നുതന്നെ തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ മഹാസമ്മേളനം വിളിച്ചുചേർത്ത് കേരളത്തെ അതിതീവ്ര ദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയുമാണ്. മമ്മൂട്ടി, മോഹൻലാൽ, കമലഹാസൻ തുടങ്ങിയവരുടെ സാന്നിധ്യം സമ്മേളനത്തിനു താരപ്പകിട്ടേകും. നവംബർ അഞ്ചിനോ അതിനു മുന്‍പോ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വന്നേക്കുമെന്നാണു പ്രതീക്ഷ. ഇങ്ങനെ മുന്നണിയും സർക്കാരും അഭിമാനകരമായ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ച് തെരഞ്ഞെടുപ്പിലേക്കു നീങ്ങേണ്ട അതീവ നിർണായകമായ സമയത്ത് ഇത്തരമൊരു ആശയഭിന്നത സർക്കാരിനെ രാഷ്ട്രീയമായി ക്ഷീണിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. സിപിഐ മന്ത്രിസഭയിൽനിന്നു പുറത്തുവന്നു മുന്നണിയിൽ തുടരുന്ന സാഹചര്യമുണ്ടായാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ അവർക്കു നഷ്ടങ്ങളുണ്ടായേക്കാം. മുന്നണിക്കും ക്ഷീണമുണ്ടാകാം.
കാത്തിരിക്കാൻ യുഡിഎഫ്
ആത്മാഭിമാനമുണ്ടെങ്കിൽ പുറത്തു വരണമെന്നൊക്കെ ചുരുക്കം ചില പ്രസ്താവനകൾ വരുന്നുണ്ടെങ്കിലും ഇപ്പോൾ ഭരണമുന്നണിയിലുണ്ടായിരിക്കുന്ന പ്രതിസന്ധിയിൽ എടുത്തുചാടി പ്രതികരിക്കുന്നില്ല യുഡിഎഫ്. കാത്തിരുന്നു കാണുക എന്ന നിലപാടാണ് അവർ കൈക്കൊണ്ടിട്ടുള്ളത്. സിപിഐ എന്തെങ്കിലും തീരുമാനമെടുക്കട്ടെ, പിന്നീട് നിലപാട് പറയാം എന്നാണവരുടെ പക്ഷം. മുന്നണിമാറ്റം പോലെയുള്ള നീക്കങ്ങളൊന്നും സിപിഐയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നു കോണ്‍ഗ്രസോ യുഡിഎഫോ പ്രതീക്ഷിക്കുന്നില്ല.അതുകൊണ്ടുതന്നെ പരമാവധി വഷളാകട്ടെ എന്ന നിലപാടിലാണ് അവർ.
എന്നാൽ ബിജെപി-സിപിഎം ഡീൽ എന്ന ആരോപണം കോണ്‍ഗ്രസ് കടുപ്പിക്കുന്നുണ്ട്. നാളുകളായി പറഞ്ഞുവരുന്ന ബാന്ധവത്തിന്റെ പുതിയ ഉദാഹരണം എന്നാണ് കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്. സിപിഐ സാക്ഷ്യപ്പെടുത്തിയതും അതുതന്നെയാണല്ലോ. അടുത്ത തെരഞ്ഞെടുപ്പിൽ അത്തരം ചില നീക്കുപോക്കുകൾ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഭയപ്പെടുന്നുമുണ്ട്.
ബിജെപിയുടെ നിലപാട്
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെ എബിവിപി പ്രതിനിധികൾ നേരിട്ടെത്തി അഭിനന്ദിക്കുന്ന ചിത്രം കണ്ട സിപിഎമ്മുകാർ അന്പരന്നുപോയിരിക്കും. കേന്ദ്രത്തിലെ ബിജെപി നേതാക്കളും കേരള സർക്കാരിനെ അഭിനന്ദനംകൊണ്ടു മൂടി. ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നു വരുന്ന ഓരോ നല്ല വാക്കും കേരളത്തിലെ സിപിഎമ്മിനെ കുത്തിനോവിക്കുന്നതാണ്.
കേന്ദ്ര ഫണ്ടുകൾ കേരളം നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ചു വൻതോതിലുള്ള പ്രചാരണം നടത്താനാണ് ബിജെപി സംസ്ഥാന ഘടകം തീരുമാനിച്ചിരിക്കുന്നത്. പിഎം ശ്രീ മാത്രമല്ല കേരളത്തിൽ പൂർണ അർഥത്തിൽ നടപ്പിലാക്കാത്ത മറ്റു കേന്ദ്ര പദ്ധതികളെക്കുറിച്ചും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു പ്രചാരണം നടത്താനാണ് ബിജെപിയുടെ തീരുമാനം.